Sat Sep 21 02:51:03 UTC 2024: ## കവിയൂർ പൊന്നമ്മ ഇല്ലാതായി
കൊച്ചി: മലയാളിയുടെ മനസ്സിൽ മായാത്ത വാത്സല്യച്ചിരി സമ്മാനിച്ച പ്രിയ അഭിനേത്രി കവിയൂർ പൊന്നമ്മ (79) വിടവാങ്ങി. അർബുദബാധിതയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അവർ വെള്ളി വൈകിട്ട് 5.33നു അന്തരിച്ചു.
ശനി രാവിലെ ഒമ്പതുമുതൽ 12 വരെ കളമശേരി മുനിസിപ്പൽ ടൗൺഹാളിലും നാലുവരെ ആലുവയിലെ ശ്രീപദം വീട്ടിലും പൊതുദർശനത്തിന് വയ്‌ക്കും. തുടർന്ന് വീട്ടുവളപ്പിൽ സംസ്‌കാരം നടത്തും.
1945 സെപ്‌തംബർ 10ന് പത്തനംതിട്ട ജില്ലയിലെ കവിയൂരിൽ ജനിച്ച പൊന്നമ്മ 1958ൽ ‘മൂലധനം’ നാടകത്തിലൂടെ അരങ്ങിലെത്തി. 1962ൽ ‘ശ്രീരാമ പട്ടാഭിഷേകം’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ അവർ ‘കുടുംബിനി’ എന്ന ചിത്രത്തിലൂടെ മുഴുനീള കഥാപാത്രമായി.
‘ഓടയിൽനിന്ന്’, ‘വെളുത്ത കത്രീന’, ‘ക്രോസ് ബെൽറ്റ്’, ‘ത്രിവേണി’, ‘കരകാണാക്കടൽ’, ‘ചാമരം’, ‘നിർമാല്യം’, ‘കൊടിയേറ്റം’, ‘തിങ്കളാഴ്‌ച നല്ല ദിവസം’, ‘നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ’, ‘ഹിസ് ഹൈനസ് അബ്‌ദുല്ല’, ‘കിരീടം’, ‘വാത്സല്യം’, ‘നന്ദനം’ തുടങ്ങി എഴുന്നൂറിലേറെ ചിത്രങ്ങളിലും മുപ്പതോളം ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ച പൊന്നമ്മ നാലുതവണ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയിരുന്നു.
പരേതനായ മണിസ്വാമിയാണ് ഭർത്താവ്. ഏകമകൾ ബിന്ദു അമേരിക്കയിൽ സ്ഥിരതാമസം. അന്തരിച്ച നടി കവിയൂർ രേണുക സഹോദരിയാണ്.
പൊന്നമ്മയുടെ വിയോഗത്തിൽ സമൂഹത്തിന്റെ നാനാതുറകളിൽനിന്ന് ആദരാഞ്‌ജലി അർപ്പിക്കുന്നു.