Sat Nov 02 09:44:00 UTC 2024: ## നാസയുടെ വോയേജർ 1 ഭൂമിയുമായുള്ള ബന്ധം പുനഃസ്ഥാപിച്ചു

വാഷിങ്‌ടൺ: 47 വർഷം പഴക്കമുള്ള നാസയുടെ വോയേജർ 1 ബഹിരാകാശ പേടകം ഭൂമിയുമായുള്ള ആശയവിനിമയം വീണ്ടെടുത്തു. 1981 മുതൽ ഉപയോഗത്തിലില്ലാതിരുന്ന റേഡിയോ ട്രാൻസ്‌മിറ്ററിന്റെ സഹായത്തോടെയാണ് ആശയവിനിമയം പുനഃസ്ഥാപിച്ചത്.

കഴിഞ്ഞ ഒക്ടോബർ 16-ന് 15 ബില്യൺ മൈലുകൾ അകലെ ഇന്റർസ്റ്റെല്ലാർ സ്പേസിലുള്ള പേടകവുമായുള്ള ആശയവിനിമയം നിലച്ചിരുന്നു. പേടകത്തിലെ ട്രാൻസ്‌മിറ്ററുകളിൽ ഒന്ന് പ്രവർത്തനരഹിതമായതിനെ തുടർന്നാണ് ആശയവിനിമയത്തിന് തടസം നേരിട്ടത്. പവർ ഉപയോഗ പരിധി കഴിഞ്ഞതിനെ തുടർന്ന് പേടകത്തിലെ ഫോൾട്ട് പ്രൊട്ടക്ഷൻ സിസ്റ്റം പവർ കുറച്ചതോടെയാണ് ട്രാൻസ്മിറ്റർ പ്രവർത്തനരഹിതമായത്.

ഒക്ടോബർ 24-ന് കാലിഫോർണിയയിലെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ (ജെപിഎൽ) നാസ എഞ്ചിനീയർമാരാണ് ബഹിരാകാശ പേടകവുമായുള്ള ബന്ധം പുനഃസ്ഥാപിച്ചത്. വോയേജർ 1 പേടകത്തിൽ രണ്ട് ട്രാൻസ്‌മിറ്ററുകളാണ് ഉള്ളത്. എക്സ് ബാന്റ് എന്നൊരു ട്രാൻസ്മിറ്റർ ഉപയോഗത്തിലുണ്ടായിരുന്നു, മറ്റൊന്ന് എസ് ബാന്റ് 1981 മുതൽ ഉപയോഗിച്ചിരുന്നില്ല. ഫോൾട്ട് പ്രൊട്ടക്ഷൻ സിസ്റ്റം പവർ കുറച്ച് സെക്കൻഡ് ലോവർ പവർ ട്രാൻസ്മിറ്ററിലേക്ക് (എസ് ബാന്റ്) മാറ്റിയതിനാലാണ് ആശയവിനിമയം പുനഃസ്ഥാപിക്കപ്പെട്ടത്.

എന്തുകൊണ്ടാണ് ഫോൾട്ട് പ്രൊട്ടക്ഷൻ സിസ്റ്റം ആക്റ്റിവേറ്റ് ചെയ്തതെന്ന് നിർണ്ണയിക്കാനാകുന്നതുവരെ എക്സ് ബാന്റിലേക്ക് സ്വിച്ച് ചെയ്യില്ലെന്ന് നാസ അറിയിച്ചു. ഭൂമിയിൽ നിന്ന് പേടകത്തിലേക്കും പേടകത്തിൽ നിന്ന് ഭൂമിയിലേക്കും സന്ദേശങ്ങളയക്കാൻ 23 മണിക്കൂർ സമയമെടുക്കും.

Read More