Fri Sep 20 18:51:43 UTC 2024: ## കവിയൂര്‍ പൊന്നമ്മ, മലയാള സിനിമയുടെ അമ്മമുഖം, വിടവാങ്ങി

മലയാള സിനിമയുടെ അഭിനയ രംഗത്ത് ആറ് പതിറ്റാണ്ടുകളായി തിളങ്ങി നിന്ന കവിയൂര്‍ പൊന്നമ്മ ഇനി ഓര്‍മ്മയില്‍ മാത്രം. കുട്ടിക്കാലം മുതല്‍ സംഗീതം പഠിച്ച പൊന്നമ്മയുടെ ആഗ്രഹം എം.എസ്. സുബ്ബലക്ഷ്മിയെപ്പോലെ വലിയ പാട്ടുകാരിയാകണമെന്നായിരുന്നു.

പ്രതിഭ ആര്‍ട്ട്സിന്റെ നാടകങ്ങളില്‍ ഗായികയായി തുടങ്ങിയ പൊന്നമ്മ ‘മൂലധന’ എന്ന നാടകത്തില്‍ നായികയെ കിട്ടാതെ വന്നപ്പോള്‍ അഭിനയത്തിലേക്ക് കടന്നു വന്നു. അൾത്താര, ജനനി ജന്മഭൂമി, ഡോക്ടർ തുടങ്ങി ഒട്ടേറെ ശ്രദ്ധേയമായ നാടകങ്ങളിൽ അഭിനയിച്ച അവർ 1962-ല്‍ ‘ശ്രീരാമ പട്ടാഭിഷേകം’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തിയത്.

ഇരുപതാം വയസിൽ ‘ഓടയില്‍ നിന്ന്’ എന്ന സിനിമയില്‍ സത്യന്റെ നായികയായി അഭിനയിച്ച പൊന്നമ്മ അതേ വർഷം ‘തൊമ്മന്റെ മക്കള്‍’ എന്ന ചിത്രത്തില്‍ സത്യന്റെ അമ്മയായും അഭിനയിച്ചു.

അസുരവിത്ത്, നിർമ്മാല്യം തുടങ്ങിയ സിനിമകളില്‍ വള്ളുവനാടൻ മൊഴികളില്‍ അഭിനയിച്ച അവർ ‘നെല്ലിലെ’ സാവിത്രി എന്ന അമ്മവേഷം വഴി പ്രശസ്തയായി.

1973 ൽ ‘പെരിയാർ’ എന്ന ചിത്രത്തിൽ മകനായി അഭിനയിച്ച തിലകൻ പിന്നീട് പൊന്നമ്മയുടെ ഭർത്താവ് എന്ന നിലയിൽ മലയാളസിനിമയിലെ മികച്ച ജോടിയായി.

തൊമ്മന്റെ മക്കള്‍, ഓടയില്‍നിന്ന്, വെളുത്ത കത്രീന, നദി, ഒതേനന്റെ മകന്‍, ശരശയ്യ, വിത്തുകള്‍, ആഭിജാത്യം, ശ്രീ ഗുരുവായൂരപ്പന്‍, ഏണിപ്പടികള്‍, പൊന്നാപുരം കോട്ട, നിര്‍മാല്യം, നെല്ല്, അച്ചുവേട്ടന്റെ വീട്, തനിയാവര്‍ത്തനം, മഴവില്‍ക്കാവടി, വന്ദനം, കിരീടം, ദശരഥം, കാട്ടുകുതിര, ഉള്ളടക്കം, സന്ദേശം, ഭരതം, കുടുംബസമേതം, ചെങ്കോല്‍, മായാമയൂരം, വാത്സല്യം, ഹിസ് ഹൈനസ് അബ്ദുള്ള, തേന്‍മാവിന്‍ കൊമ്പത്ത്, അരയന്നങ്ങളുടെ വീട്, കാക്കക്കുയില്‍, വടക്കുന്നാഥന്‍, ബാബാ കല്യാണി, 2021 ല്‍ റിലീസ് ചെയ്ത ആണും പെണ്ണും വരെ എണ്ണിയാലൊതുങ്ങാത്ത ചിത്രങ്ങൾ. തമിഴിലും തെലുങ്കിലുമായി ഓരോ വേഷങ്ങൾ വേറെയും.

കാട്ടുമൈന, വെളുത്ത കത്രീന, തീര്‍ഥയാത്ര, ധര്‍മയുദ്ധം, ഇളക്കങ്ങള്‍, ചിരിയോ ചിരി, കാക്കക്കുയില്‍ തുടങ്ങി എട്ടോളം സിനിമകളില്‍ പാടി.

ചലച്ചിത്ര രംഗത്തെ ഏറ്റവും നല്ല സഹ നടിക്കുള്ള പുരസ്‌കാരങ്ങള്‍ നാല് തവണ നേടി. ഭരത് മുരളി പുരസ്‌കാരം, പി.കെ റോസി പുരസ്‌കാരം, കാലരത്‌നം പുരസ്‌കാരം, കേരള സംസ്ഥാന ചലച്ചിത്ര വകുപ്പിന്റെ പ്രത്യേക പുരസ്‌കാരം തുടങ്ങി അംഗീകാരങ്ങള്‍ വേറെയും തേടിയെത്തി.

നിരവധി വേഷങ്ങൾ പകർന്നാടിയെങ്കിലും പാട്ട് കൈവിട്ടത് പൊന്നമ്മയ്ക്ക് എന്നും വേദനയായിരുന്നു. ഇനിയൊരു ജന്മമുണ്ടെങ്കിൽ പാട്ടുകാരിയാവണമെന്ന ആഗ്രഹം പൂവണിയട്ടെ..

Read More