Thu Nov 07 05:20:15 UTC 2024: ## ഇന്ത്യയുടെ തുടക്കം ദയനീയം; ഓസീസ് എയ്ക്കെതിരെ രണ്ടാം ടെസ്റ്റില്‍ തകര്‍ച്ച
മെല്‍ബണ്‍: ഓസ്ട്രേലിയ എയ്ക്കെതിരായ രണ്ടാം ചതുര്‍ദിന ടെസ്റ്റില്‍ ഇന്ത്യ എ തകര്‍ന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ വിവരം ലഭിക്കുമ്പോള്‍ 8ന് 153 എന്ന നിലയിലാണ്. വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെല്‍ 80 റണ്‍സുമായി ക്രീസിലുണ്ട്. നാല് വിക്കറ്റ് നേടിയ മൈക്കല്‍ നെസെര്‍, മൂന്ന് വിക്കറ്റ് നേടിയ ബ്യൂ വെബ്സ്റ്റര്‍ എന്നിവരാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കിയത്.
ഇന്ത്യയുടെ തുടക്കം പരിതാപകരമായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ 11 റണ്‍സ് മാത്രമുള്ളപ്പോള്‍ നാല് വിക്കറ്റുകള്‍ നഷ്ടമായി. അഭിമന്യൂ ഈശ്വരന്‍ (0), സായ് കിഷോര്‍ (0), കെ എല്‍ രാഹുല്‍ (4), ക്യാപ്റ്റന്‍ റുതുരാജ് ഗെയ്കവാദ് (4) എന്നിവരാണ് മടങ്ങിയത്.
തുടര്‍ന്ന് ദേവ്ദത്ത് പടിക്കല്‍ (26) – ജുറെല്‍ സഖ്യം 53 റണ്‍സ് കൂട്ടിചേര്‍ത്തെങ്കിലും ദേവ്ദത്തിനെ പുറത്താക്കി നെസര്‍ ഓസീസിന് ബ്രേക്ക് ത്രൂ നല്‍കി. നിതീഷ് റെഡ്ഡി (16), തനുഷ് കൊട്ടിയാന്‍ (0), ഖലീല്‍ അഹമ്മദ് (1) എന്നിവര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല.
ഒരറ്റത്ത് പിടിച്ചുനിന്ന ജുറെലാണ് ഇന്ത്യയുടെ സ്‌കോര്‍ 150 കടത്താന്‍ സഹായിച്ചത്. പ്രസിദ്ധ് കൃഷ്ണ (11) ജുറെലിന് കൂട്ടായി ക്രീസിലുണ്ട്.
ഇന്ത്യ ആദ്യ മത്സരം കളിച്ച ടീമില്‍ നിന്ന് നാല് മാറ്റങ്ങളുമായിട്ടാണ് ഇറങ്ങിയത്. ഇഷാന്‍ കിഷന്‍, ബാബ ഇന്ദ്രജിത്, നവ്ദീപ് സൈനി, മാനവ് സുതര്‍ എന്നിവര്‍ക്ക് സ്ഥാനം നഷ്ടമായി. കെ എല്‍ രാഹുല്‍, ധ്രുവ് ജുറെല്‍, തനുഷ് കൊട്ടിയാന്‍, ഖലീല്‍ അഹമ്മദ് എന്നിവരാണ് പകരമെത്തിയത്.
രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 1-0ത്തിന് മുന്നിലാണ്.