Wed Oct 30 08:18:33 UTC 2024: ## പ്രമുഖ എഡിറ്റർ നിഷാദ് യൂസഫ് അപ്രതീക്ഷിതമായി അന്തരിച്ചു
കൊച്ചി: മലയാള സിനിമ ലോകത്തെ ഞെട്ടിച്ച് പ്രമുഖ എഡിറ്റർ നിഷാദ് യൂസഫ് അപ്രതീക്ഷിതമായി അന്തരിച്ചു. തന്‍റെ കരിയറിന്‍റെ ഏറ്റവും ശോഭനമായ ഉയരത്തില്‍ നില്‍ക്കവെയാണ് അദ്ദേഹം വിടവാങ്ങുന്നത്.
നിരവധി ശ്രദ്ധേയമായ ചിത്രങ്ങളുടെ എഡിറ്റിംഗ് നിർവഹിച്ചിട്ടുള്ള നിഷാദ് യൂസഫ് ‘തല്ലുമാല’ എന്ന ചിത്രത്തിന് സംസ്ഥാന അവാർഡ് നേടിയിരുന്നു. ‘കങ്കുവ’ പോലെ ഇന്ത്യൻ സിനിമ ഉറ്റുനോക്കുന്ന ചിത്രത്തിന്‍റെ എഡിറ്ററായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. സൂര്യ നായകനായ ‘കങ്കുവ’ ചിത്രത്തിന്‍റെ ചെന്നൈ ഓഡിയോ റിലീസില്‍ സൂര്യയ്ക്കൊപ്പം അടക്കം നില്‍ക്കുന്ന ചിത്രങ്ങള്‍ നിഷാദ് തന്നെ തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പങ്കുവച്ചിരുന്നു.
‘ഉണ്ട’, ‘സൗദി വെള്ളക്ക’, ‘തല്ലുമാല’, ‘ഓപ്പറേഷൻ ജാവ’, ‘വൺ’, ‘ചാവേർ’, ‘രാമചന്ദ്ര ബോസ്സ് & Co’, ‘ഉടൽ’, ‘ആളങ്കം’, ‘ആയിരത്തൊന്ന് നുണകൾ’, ‘അഡിയോസ് അമിഗോ’, ‘എക്സിറ്റ്’ എന്നിങ്ങനെ നിരവധി സിനിമകളുടെ എഡിറ്റിംഗ് നിഷാദ് യൂസഫ് നിർവഹിച്ചിട്ടുണ്ട്. ‘ബസൂക്ക’, ‘ആലപ്പുഴ ജിംഖാന’ എന്നിവ റിലീസ് ചെയ്യാനുള്ള ചിത്രങ്ങളാണ്. ഇപ്പോള്‍ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന തരുണ്‍ മൂര്‍ത്തി മോഹന്‍ലാല്‍ ചിത്രത്തിന്‍റെയും എഡിറ്റര്‍ നിഷാദ് യൂസഫ് ആയിരുന്നു.
ഹരിപ്പാട് സ്വദേശിയായ നിഷാദ് യൂസഫ് കൊച്ചിയില്‍ ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കും ഒപ്പമാണ് കൊച്ചി പനമ്പള്ളി നഗറിലെ ഫ്ലാറ്റില്‍ താമസിച്ചിരുന്നത്. ഏഷ്യാനെറ്റ് ന്യൂസില്‍ അടക്കം വീഡിയോ എഡിറ്ററായ പ്രവര്‍ത്തിച്ച ശേഷമാണ് നിഷാദ് സിനിമ രംഗത്തേക്ക് എത്തുന്നത്.
മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖരാണ് നിഷാദ് യൂസഫിന്‍റെ അകാല വിയോഗത്തില്‍ അദരാഞ്ജലി അര്‍പ്പിക്കുന്നത്. മൃതദേഹം പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കി എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.