Thu Oct 17 10:06:01 UTC 2024: ## ശബരിമലയിൽ പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുത്തു
**പത്തനംതിട്ട:** ശബരിമല ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി കൊല്ലം ശക്തിക്കുളങ്ങര സ്വദേശിയായ എസ് അരുണ്‍കുമാര്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തിലെ മുൻ മേൽശാന്തിയാണ് അരുണ്‍കുമാർ.
മാളികപ്പുറം മേൽശാന്തിയായി കോഴിക്കോട് ഒളവണ്ണ തിരുമംഗലത്ത് ഇല്ലം ടി വാസുദേവൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. കൊല്ലം ലക്ഷ്മിനട ക്ഷേത്രത്തിലെ മേൽശാന്തിയാണ് വാസുദേവൻ നമ്പൂതിരി.
രാവിലെ 7.30യോടെയാണ് ശബരിമലയിൽ പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടന്നത്. ശബരിമല ക്ഷേത്രത്തിലേക്കുള്ള മേൽശാന്തി തെരഞ്ഞെടുപ്പിൽ 24 പേരാണ് അന്തിമ പട്ടികയിലുണ്ടായിരുന്നത്. പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരായ ഋഷികേശ് ആണ് ശബരിമല മേൽശാന്തിയുടെ നറുക്ക് എടുത്തത്.
15 പേരാണ് മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പിനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്നത്. പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരി വൈഷ്ണവി മാളികപ്പുറത്തെ മേൽശാന്തിയുടെ നറുക്ക് എടുത്തു.
തുലാമാസ പൂജകള്‍ക്കായി ഇന്നലെയാണ് ശബരിമല നട തുറന്നത്. ഒക്ടോബർ 21ന് നട അടയ്ക്കും. മണ്ഡലകാലത്തിന് തുടക്കം കുറിച്ച് നട തുറക്കുന്ന നവംബർ 15നാണ് പുതിയ മേൽശാന്തിമാർ ചുമതല ഏറ്റെടുക്കുന്നത്.
നിയുക്ത ശബരിമല മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരി അനുഗ്രഹം ഏറ്റെടുത്തതിൽ സന്തോഷം പ്രകടിപ്പിച്ചു. നിയുക്ത മാളികപ്പുറം മേൽശാന്തി വാസുദേവൻ നമ്പൂതിരി 2012 മുതൽ അപേക്ഷിക്കുന്നുണ്ടെന്നും ഇത് വലിയ അനുഗ്രഹമാണെന്നും പറഞ്ഞു.