Sun Oct 13 14:50:11 UTC 2024: ## ക്രിസ് ബംസ്റ്റഡ് ബോഡി ബിൽഡിങ്ങിൽ നിന്ന് വിരമിച്ചു
ലാസ് വേഗാസില്‍ നടന്ന 2024-ലെ ക്ലാസിക് ഫിസിക് ഒളിമ്പ്യ ഫൈനല്‍ വിജയിച്ച ശേഷം സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറും കനേഡിയന്‍ ബോഡി ബിൽഡിങ് താരവുമായ ക്രിസ് ബംസ്റ്റഡ് ബോഡി ബിൽഡിങ്ങിൽ നിന്ന് വിരമിച്ചതായി പ്രഖ്യാപിച്ചു.
29 വയസ്സുകാരനായ ക്രിസ്, ആറുതവണ ക്ലാസിക് ഫിസിക്ക് ഒളിമ്പ്യ ജേതാവാണ്. സിബം (cbum) എന്ന പേരിൽ അറിയപ്പെടുന്ന അദ്ദേഹം, ഫിറ്റ്നസ് പ്രേമികളുടെ ആരാധനപാത്രമായ അർണോള്‍ഡ് അലോയിസും റോണീ കോള്‍മാനും ശേഷം സമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ ആരാധകരേറെയുള്ള ബോഡി ബിൽഡറാണ്.
2019-ൽ ആദ്യമായി ക്ലാസിക് ഫിസിക് ഒളിമ്പ്യ ജേതാവായ ക്രിസിന് ഇന്‍സ്റ്റഗ്രാമില്‍ 24.6 മില്യണ്‍ ഫോളോവേഴ്‌സ് ഉണ്ട്. ബോഡി ബിൽഡിങ്ങില്‍ തനിക്ക് പിന്നില്‍ വരുന്നവര്‍ക്ക് പ്രചോദനമകുന്ന രീതിയില്‍ താന്‍ പ്രവര്‍ത്തിച്ചുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തന്റെ നേട്ടം കാണാന്‍ മകള്‍ ഇവിടെയുണ്ടെന്നുള്ളത് സന്തോഷമുണ്ടാക്കുന്നു എന്നും ഭാര്യയുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞും ക്രിസ് വിരമിക്കൽ പ്രഖ്യാപനം നടത്തി.
പതിനാലാം വയസ്സിൽ ബോഡി ബിൽഡിങ് മേഖലയിലേക്ക് എത്തിയ ക്രിസിന് അദ്ദേഹത്തിന്റെ സഹോദരിയുടെ കാമുകനായിരുന്ന പ്രശസ്ത ബോഡിബിൽഡർ ഇയാന്‍ വാലിരിയായിരുന്നു ആദ്യകാല ട്രെയിനര്‍.
ഈ വിജയകരമായ കരിയറിൽ തനിക്കൊപ്പം നിന്ന എല്ലാവർക്കും നന്ദിയെന്ന് ക്രിസ് പറയുന്നു.