Mon Oct 28 20:39:44 UTC 2024: ## ഇന്ത്യയ്ക്ക് ആദ്യമായി മിസ് ഗ്രാന്‍ഡ് ഇന്‍റര്‍നാഷണല്‍ കിരീടം: റേച്ചല്‍ ഗുപ്ത വിജയി
**ബാങ്കോക്ക്:** 68 രാജ്യങ്ങളില്‍ നിന്നുള്ള സൗന്ദര്യ റാണിമാരെ പിന്തളളി 12ാമത് മിസ് ഗ്രാന്‍ഡ് ഇന്‍റര്‍നാഷണല്‍ കിരീടം ഇന്ത്യയുടെ റേച്ചല്‍ ഗുപ്തയ്ക്ക്. മിസ് വേള്‍ഡ്, മിസ് യൂണിവേഴ്സ് എന്നീ സൗന്ദര്യപ്പട്ടങ്ങള്‍ ഇന്ത്യയ്ക്ക് പലവട്ടം ലഭിച്ചിട്ടുണ്ടെങ്കിലും, മിസ് ഗ്രാന്‍ഡ് ഇന്‍റര്‍നാഷണല്‍ കിരീടം ഇന്ത്യയിലേക്കെത്തുന്നത് ഇതാദ്യമായാണ്.
തങ്ങളുടെ വേദിയിലെത്തിയ പെറുവിലെ മുന്‍ മിസ് ഗ്രാന്‍ഡ് ലൂസിയാന ഫൂസ്റ്ററാണ് 20 കാരിയായ റേച്ചല്‍ ഗുപ്തയെ കിരീടമണിയിച്ചത്. പഞ്ചാബിലെ ജലന്തര്‍ സ്വദേശിനിയായ റേച്ചല്‍ മോഡലും നടിയും സംരംഭകയുമാണ്. മത്സരത്തിന്‍റെ തുടക്കത്തില്‍ തന്നെ റേച്ചല്‍ മുന്നിട്ടുനിന്നിരുന്നു.
ഉടലഴകില്‍ മാത്രമല്ല, അവതരണത്തിന്‍റെ ചടുലതയിലും വ്യക്തവും സുദൃഢവുമായ ഉത്തരങ്ങളിലൂടെയും റേച്ചല്‍ വിധികര്‍ത്താക്കളെയും കാണികളെയും അമ്പരപ്പിച്ചു. നാഷണല്‍ കോസ്റ്റ്യൂം റൗണ്ടില്‍ ഗംഗാ നദിയെ സൂചിപ്പിക്കുന്ന വസ്ത്രമണിഞ്ഞ് വേദിയിലെത്തിയ റേച്ചല്‍ പിന്നീട് നടന്ന ചോദ്യോത്തരവേളയില്‍ തന്റെ പ്രതിഭാസാക്ഷ്യം നല്‍കി.
ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായി ദാരിദ്ര്യം, പട്ടിണി, ജനസംഖ്യാവര്‍ധന, വിഭവങ്ങളുടെ അപര്യാപ്തത എന്നിവയാണ് റേച്ചല്‍ കണ്ടത്. ഭക്ഷണം, വെളളം, വിദ്യാഭ്യാസം എന്നിവയുടെ കുറവും ലോക നേതാക്കള്‍ ഒറ്റക്കെട്ടായി നിന്ന് സംഘര്‍ഷങ്ങള്‍ക്കും പരിഹാരം കാണേണ്ടതിന്‍റെ ആവശ്യകതയും റേച്ചല്‍ ചൂണ്ടിക്കാട്ടി. ഫിലിപ്പീന്‍സ്, ഇന്ത്യ, മ്യാന്‍മാര്‍, ഫ്രാന്‍സ്, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മല്‍സരാര്‍ഥികളാണ് അവസാന റൗണ്ടില്‍ എത്തിയത്.
ആകാംക്ഷാഭരിതമായ നിമിഷങ്ങള്‍ക്കൊടുവില്‍ വിജയിയുടെ പേരു മുഴങ്ങി…മിസ് ഗ്രാന്‍ഡ് ഇന്‍റര്‍നാഷ്ണല്‍ 2024 ഇന്ത്യ…20 കാരി റേച്ചല്‍ ഗുപ്ത ഇന്ത്യയ്ക്ക് അഭിമാനമായി വിജയകിരീടം ചൂടി. രണ്ടാം സ്ഥാനം ഫിലിപ്പീന്‍സിന്‍റെ ക്രിസ്റ്റീൻ ഒപിയാസയാണ് സ്വന്തമാക്കിയത്. മിസ് സൂപ്പര്‍ ടാലന്‍റ് ഓഫ് ദി വേള്‍ഡ് 2022, മിസ് ഗ്രാന്‍ഡ് ഇന്ത്യ 2024, എന്നീ സൗന്ദര്യപ്പട്ടങ്ങളും റേച്ചല്‍ ഗുപ്ത സ്വന്തമാക്കിയിട്ടുണ്ട്.