Sun Oct 27 07:40:17 UTC 2024: ## മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗിൽ സ്പാർട്ടപ്രാഗിനെ തകർത്തു
ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വമ്പൻ ജയം. ചെക്ക് റിപ്പബ്ലിക് ക്ലബ് സ്പാർട്ടപ്രാഗിനെ എതിരില്ലാത്ത അഞ്ച് ഗോളിന് കീഴടക്കി. എർലിങ് ഹാളണ്ട് ഇരട്ടഗോളുമായി തിളങ്ങി. ഫിൽ ഫോഡൻ, ജോൺ സ്‌റ്റോൺസ്, മത്തേയൂസ് ന്യൂനസ് എന്നിവരാണ് മറ്റു സ്‌കോറർമാർ.
മൂന്നാം മിനിറ്റിൽ ഫിൽ ഫോഡന്റെ ഗോളിൽ സിറ്റി ആദ്യഗോൾ നേടി. 58ാം മിനിറ്റിൽ അവിശ്വസനീയമായൊരു അക്രാബാറ്റിക് ഗോളിൽ ഹാളണ്ട് രണ്ടാം ഗോൾ നേടി. ബ്രസീൽ താരം സാവിന്യോ ബോക്‌സിലേക്ക് നൽകിയ പന്താണ് നോർവീജിയൻ സ്‌ട്രൈക്കർ ഉയർന്നുചാടി വലയിലാക്കിയത്. 64ാം മിനിറ്റിൽ ഹെഡ്ഡറിലൂടെ ജോൺ സ്‌റ്റോൺസ് മൂന്നാം ഗോൾ നേടി. നാല് മിനിറ്റിന് ശേഷം ഹാളണ്ട് രണ്ടാം ഗോളും നേടി. 88ാം മിനിറ്റിൽ മത്തേയൂസ് ന്യൂനസിലൂടെ അഞ്ചാം ഗോളും നേടി പട്ടിക പൂർത്തിയാക്കി.
മറ്റൊരു മത്സരത്തിൽ ലിവർപൂൾ എതിരില്ലാത്ത ഒരു ഗോളിന് ജർമൻ ക്ലബ് ആർ.ബി ലെപ്‌സിഗിനെ കീഴടക്കി. 27ാം മിനിറ്റിൽ മുഹമ്മദ് സലാഹിന്റെ അസിസ്റ്റിൽ ഡാർവിൻ ന്യൂനസാണ് ചെമ്പടക്കായി ഗോൾ നേടിയത്.
ജയത്തോടെ ലീഗ് പോയന്റ് പട്ടികയിൽ ലിവർപൂളും സിറ്റിയും രണ്ടും മൂന്നും സ്ഥാനങ്ങളിലേക്ക് മുന്നേറി.