Mon Oct 14 08:02:14 UTC 2024: ## ക്രിസ്റ്റഫർ കൊളംബസ് ഇറ്റലിക്കാരനല്ല, ജൂതനാണെന്ന് പഠനം
**മാഡ്രിഡ്:** ലോകത്തെ അമേരിക്കയുമായി പരിചയപ്പെടുത്തിയ വിഖ്യാത പര്യവേക്ഷകൻ ക്രിസ്റ്റഫർ കൊളംബസ് ഇറ്റലിയിലെ ജനോവ സ്വദേശിയല്ലെന്ന് പുതിയ ഡി.എൻ.എ. പഠനം വ്യക്തമാക്കുന്നു. സ്പെയിനിലെ സെവിയയിലെ കത്തീഡ്രലിലെ കല്ലറയിൽ നിന്നും ലഭിച്ച അദ്ദേഹത്തിന്റെ മൃതദേഹാവശിഷ്ടങ്ങളിൽ നടത്തിയ 20 വർഷത്തെ ഗവേഷണത്തിൽ നിന്നാണ് ഈ നിഗമനത്തിലേക്ക് ഗവേഷകർ എത്തിയത്.
പഠനം അനുസരിച്ച്, കൊളംബസ് പടിഞ്ഞാറൻ യൂറോപ്പിൽ നിന്നുള്ള ഒരു സെഫാർഡിക് ജൂത വംശജനാണ്. സ്പെയിനിലെ വാലെൻസിയയാണ് അദ്ദേഹത്തിന്റെ ജന്മദേശമെന്നും ഗവേഷകർ അനുമാനിക്കുന്നു.
സെഫാർഡിക് ജൂതർ സ്പെയിനിലും പോർച്ചുഗലിലും ജീവിച്ചിരുന്നവരാണ്. 15-ാം നൂറ്റാണ്ടിന്റെ അവസാനം അവർ വടക്കൻ ആഫ്രിക്ക, ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമായ ദേശങ്ങൾ, ഫ്രാൻസ്, ഇംഗ്ലണ്ട്, ഇറ്റലി, ബാൽക്കൺ പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് കുടിയേറി.
മതപരമായ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കൊളംബസ് തന്റെ ജൂത വ്യക്തിത്വം മറച്ചുവയ്ക്കുകയോ കത്തോലിക്കാ വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുകയോ ചെയ്തതായി ഗവേഷകർ സൂചന നൽകുന്നു.
കൊളംബസിന്റെ ആദ്യകാല ജീവിതത്തെക്കുറിച്ച് വളരെ പരിമിതമായ വിവരങ്ങളേ ലഭ്യമായിട്ടുള്ളൂ. അദ്ദേഹത്തിന്റെ ജനനത്തെക്കുറിച്ച് വലിയ തർക്കങ്ങളുണ്ടായിരുന്നു. പോർച്ചുഗീസോ, ക്രൊയേഷ്യനോ, ഗ്രീക്കോ – പോളിഷ് വംശജനോ ആകാമെന്നും അനുമാനിക്കപ്പെട്ടിരുന്നു.
കൊളംബസ് 1506ൽ സ്‌പെയിനിലെ വല്ലഡാലിഡിൽ 54-ാം വയസിൽ അന്തരിച്ചു. കരീബിയൻ ദ്വീപായ ഹിസ്‌പാനിയോളിൽ അന്ത്യവിശ്രമം വേണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. 1542ൽ അദ്ദേഹത്തിന്റെ മൃതദേഹാവശിഷ്ടങ്ങൾ അവിടേക്ക് എത്തിച്ചു. എന്നാൽ 1795ൽ ക്യൂബയിലേക്കും 1898ൽ സെവിയയിലേക്കും മൃതദേഹം മാറ്റി.