Mon Oct 14 09:02:13 UTC 2024: ## 500 വർഷത്തെ നിഗൂഢത അവസാനിച്ചു: കൊളംബസ് ജൂതനായിരുന്നു!
ലോകത്തെ മാറ്റിമറിച്ച പര്യവേക്ഷകൻ ക്രിസ്റ്റഫർ കൊളംബസ് ജൂത വംശജനായിരുന്നു എന്ന് 500 വർഷത്തെ ഗവേഷണത്തിന് ശേഷം കണ്ടെത്തിയിരിക്കുന്നു. സ്പെയിനിലെ സെവില്ലെ കത്തീഡ്രലിൽ നിന്ന് കണ്ടെത്തിയ കൊളംബസിന്‍റെ മൃതദേഹാവശിഷ്ടങ്ങൾ ഡിഎൻഎ വിശകലനത്തിലൂടെ പരിശോധിച്ച ഗവേഷകർ അദ്ദേഹം പടിഞ്ഞാറൻ യൂറോപ്പിൽ നിന്നുള്ള സെഫാർഡിക് ജൂത വംശജനാണെന്ന് കണ്ടെത്തി.
സ്‌പെയിനിലെ വാലെൻസിയ ആകാം കൊളംബസിന്‍റെ ജന്മദേശമെന്ന് ഗവേഷകർ കരുതുന്നു. 15-ാം നൂറ്റാണ്ടിന്‍റെ അവസാനം സ്പെയിനിലെ മതപീഡനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ തന്‍റെ ജൂത വ്യക്തിത്വം മറച്ചുവയ്ക്കുകയോ കത്തോലിക്കാ വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുകയോ ചെയ്തിരിക്കാം എന്ന് ഗവേഷകർ കരുതുന്നു.
കൊളംബസിന്‍റെ ആദ്യകാല ജീവിതത്തെ കുറിച്ചും അദ്ദേഹത്തിന്‍റെ ജന്മദേശത്തെ കുറിച്ചും വളരെ പരിമിതമായ അറിവേ ഉണ്ടായിരുന്നൊള്ളൂ. അദ്ദേഹം പോർച്ചുഗീസോ ക്രൊയേഷ്യനോ ഗ്രീക്കോ – പോളിഷ് വംശജനോ ആകാമെന്നായിരുന്നു കരുതിയത്.
കൊളംബസിന്‍റെ മൃതദേഹം അടക്കം ചെയ്തിടത്ത് നിന്നും ഒന്നിലധികം തവണ പുറത്തെടുത്ത് മാറ്റി സ്ഥാപിച്ചതിനാല്‍ അദ്ദേഹത്തിന്‍റെ ശവക്കുഴി കണ്ടെത്താന്‍ ഗവേഷകര്‍ ഏറെ പാടുപെട്ടു.
2003 -ലാണ് ഫോറൻസിക് ശാസ്ത്രജ്ഞൻ മിഗുവൽ ലോറെന്‍റിനും ചരിത്രകാരൻ മാർസിയൽ കാസ്ട്രോയ്ക്കും കൊളംബസിന്‍റെ മൃതദേഹാവശിഷ്ടങ്ങൾ പരിശോധന ആരംഭിച്ചത്. കോളംബസിന്‍റെ സഹോദരന്‍ ഡീഗോയുടെയും മകൻ ഹെർണാണ്ടോയുടെയും ഡിഎൻഎയുമായി ലഭ്യമായ ഡിഎൻഎ ഗവേഷക സംഘം പരിശോധിച്ചു.
ഈ ഗവേഷണത്തിലെ കണ്ടെത്തലുകള്‍ സ്പെയിനിന്‍റെ ദേശീയ ബ്രോഡ്കാസ്റ്ററായ ടിവിഇയിൽ ശനിയാഴ്ച മുതൽ “കൊളംബസ് ഡിഎൻഎ: ദി ട്രൂവൽ ഒറിജിൻ” എന്ന പ്രോഗ്രാമിലൂടെ സംപ്രേഷണം ചെയ്യും.