Mon Sep 30 23:54:03 UTC 2024: ## ബംഗ്ലാദേശിൽ സ്വർണക്കൊള്ളയ്ക്കിടെ നടത്തിയ കൊലപാതകത്തിൽ മൂന്ന് ബംഗ്ലാദേശികളും വ്യാജ ആധാർ കാർഡ് നൽകിയ തിരുപ്പൂർ സ്വദേശിയും അറസ്റ്റിൽ
തിരുപ്പൂർ: ബംഗ്ലാദേശിൽ സ്വർണവും പണവും തട്ടിയെടുക്കാനായി നടത്തിയ കൊലപാതക കേസിലെ രണ്ട് പ്രതികളും വ്യാജ ആധാർ കാർഡ് നൽകിയ തിരുപ്പൂർ സ്വദേശിയും അറസ്റ്റിലായി. തൻവീർ അഹമ്മദ് (26), സുഹൃത്ത് അഹമ്മദ് മമൂൻ (25), തൻവീറിന്റെ ഭാര്യ ഷോഗാഗി (22) എന്നിവരാണ് കൊലപാതകക്കേസിലെ പ്രതികൾ. ഇവർക്ക് വ്യാജ ആധാർ കാർഡ് തരപ്പെടുത്തിക്കൊടുത്ത തിരുപ്പൂർ അരുൾപുരം സ്വദേശി മാരിമുത്തു (42) ആണ് മറ്റൊരു പ്രതി.
അനുപ്പർപാളയം പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. നഗരത്തിലെ വെങ്കമേട് പ്രദേശത്ത് താമസിക്കുന്ന അതിഥിത്തൊഴിലാളികൾക്കിടയിൽ നടത്തിയ പരിശോധനയിൽ ഇവരുടെ ആധാർ കാർഡുകളിൽ പോലീസിന് സംശയം തോന്നിയതിനെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.
തൻവീറും അഹമ്മദ് മമൂനും ചേർന്ന് മൂന്ന് വർഷം മുമ്പ് ബംഗ്ലാദേശിൽവെച്ച് തൻവീറിന്റെ അടുത്ത ബന്ധുവിനെ കൊലപ്പെടുത്തിയെന്ന് പോലീസ് പറയുന്നു. പിന്നീട് ഭാര്യയെക്കൂട്ടി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുകയായിരുന്നു. തിരുപ്പൂരിൽ ജോലി ചെയ്യാൻ തിരിച്ചറിയൽ രേഖകൾ ആവശ്യമുണ്ടെന്ന് മനസ്സിലാക്കിയ ഇവർ മാരിമുത്തുവിന്റെ സഹായത്തോടെ വ്യാജ രേഖകൾ ഒപ്പിച്ചെടുക്കുകയായിരുന്നു. മാരിമുത്തു കോർപറേഷൻ ഓഫീസിൽ പരാതി എഴുതിക്കൊടുക്കുന്നതിനും തിരിച്ചറിയൽ രേഖകൾ നൽകുന്നതിനും സഹായിക്കുന്നയാളാണ്.