Mon Sep 23 11:11:03 UTC 2024: ## ‘ലാപതാ ലേഡീസ്’ 97-ാമത് ഓസ്കറിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എൻട്രി
ഇന്ത്യയുടെ 97-ാമത് ഓസ്കർ അക്കാദമി അവാർഡുകൾക്കുള്ള ഔദ്യോഗിക എൻട്രിയായി ബോളിവുഡ് ചിത്രം ‘ലാപതാ ലേഡീസ്’ തിരഞ്ഞെടുത്തു. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്കാരത്തിനായാണ് ചിത്രം മത്സരിക്കുന്നത്. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ഈ പ്രഖ്യാപനം നടത്തിയത്.
ആകെ 29 ചിത്രങ്ങളെ പരിഗണിച്ചതിൽ നിന്നാണ് ‘ലാപതാ ലേഡീസ്’ അന്തിമമായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതിൽ 12 ഹിന്ദി സിനിമകള്‍, 6 തമിഴ് സിനിമകൾ, 4 മലയാളം സിനിമകൾ, 3 തെലുങ്ക് സിനിമകൾ, 4 മറാഠി സിനിമകൾ എന്നിവയും ഉൾപ്പെടുന്നു.
മലയാളത്തിൽ നിന്ന് ‘ആടുജീവിതം’, ‘ഉള്ളൊഴുക്ക്’, ‘ആട്ടം’, ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ എന്നീ ചിത്രങ്ങളും ഓസ്കർ പരിഗണനയിലുണ്ടായിരുന്നു.
കിരണ്‍ റാവുവിന്‍റെ സംവിധാനത്തിൽ മാർച്ച് 1 ന് തിയറ്ററുകളിൽ റിലീസ് ചെയ്ത ‘ലാപതാ ലേഡീസ്’ നിരൂപക പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഒരു ട്രെയിൻ യാത്രയ്ക്കിടെ നവ വധൂവരന്മാർ മാറിപ്പോകുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. ചിത്രം നിലവില്‍ നെറ്റ്ഫ്ലിക്സില്‍ ലഭ്യമാണ്.