Sat Sep 21 13:19:12 UTC 2024: ## മലയാള സിനിമയുടെ അമ്മ കവിയൂര്‍ പൊന്നമ്മയ്ക്ക് വിട നല്‍കി

കവിയൂര്‍ പൊന്നമ്മയുടെ മൃതദേഹം ആലുവ കരുമാലൂരിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. സഹോദരനാണ് ചിതയ്ക്ക് തീ കൊളുത്തിയത്. മലയാള സിനിമയുടെ പ്രിയപ്പെട്ട അമ്മയെ അവസാനമായി ഒരു നോക്കുകാണാന്‍ കളമശ്ശേരി ടൗണ്‍ഹാളിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ നിരവധി പേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, സിദ്ദിഖ്, ജോഷി, സത്യന്‍ അന്തിക്കാട് തുടങ്ങി മലയാള സിനിമയിലെ പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാറിന് വേണ്ടി മന്ത്രി പി രാജീവ് റീത്ത് വെച്ചു. മന്ത്രി മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

14 വയസ് മുതല്‍ 79 വയസ് വരെ നീളുന്ന കലാസപര്യയ്ക്കാണ് കവിയൂര്‍ പൊന്നമ്മ വിട പറയുന്നത്. 1962 ല്‍ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലൂടെയാണ് ആദ്യമായി വെള്ളിത്തിരയിലേക്ക് എത്തുന്നത്. മലയാള സിനിമാരംഗത്തെ മിക്ക പ്രമുഖ നടന്‍മാരുടെയും അമ്മയായി കവിയൂര്‍ പൊന്നമ്മ വേഷമിട്ടിട്ടുണ്ടെങ്കിലും മോഹന്‍ലാലിന്റെ അമ്മയായുള്ള വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.

കാന്‍സര്‍ രോഗത്തെ തുടര്‍ന്നായിരുന്നു കവിയൂര്‍ പൊന്നമ്മ അന്തരിച്ചത്. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു മരണം. കഴിഞ്ഞ മേയ് മാസത്തില്‍ ആണ് പരിശോധനയില്‍ കാന്‍സര്‍ സ്ഥിരീകരിച്ചത്.

Read More