Sat Nov 02 23:09:27 UTC 2024: ## കാട്ടാനയുടെ ആക്രമണം തുടരുന്നു: കർഷകർ ദുരിതത്തിൽ
**അയിലൂർ:** നെല്ലിയാമ്പതി വനമേഖലയിൽ നിന്നും ഇറങ്ങിയ കാട്ടാന ഒരാഴ്ചയായിട്ടും കാടുകയറിയില്ല. ഇതോടെ, അയിലൂർ ജനവാസമേഖലയിലും തോട്ടം മേഖലയിലും കൃഷിനാശം തുടരുകയാണ്. കഴിഞ്ഞ ദിവസം വനപാലകരുടെ നേതൃത്വത്തിൽ കൽച്ചാടി വഴി കാടുകയറിയ കാട്ടാന വീണ്ടും കാടിറങ്ങുകയായിരുന്നു. കരിമ്പാറ കൽച്ചാടിയിൽ എൽദോസ് പാണ്ടിക്കുടി, അബ്ബാസ് ഒറവഞ്ചിറ, എസ്.എ. ജംഷീദ് ഹസൻ, ആർ. വേണുഗോപാലൻ എന്നിവരുടെ കൃഷിയിടങ്ങളിലെ കവുങ്ങ്, റബ്ബർ, കുരുമുളക്, വാഴ എന്നിവ കാട്ടാന തിന്നും ചവിട്ടിയും നശിപ്പിച്ചു.
പൂളക്കാട് ഭാഗത്തെ സൗരോർജവേലി തകർത്താണ് കാട്ടാന കൃഷിയിടത്തിലും ഒലിപ്പാറ കനാൽ ഭാഗത്തും എത്തിയത്. തുടർച്ചയായി കൃഷിയിടത്തിൽ ആന എത്തുന്നത് കർഷകരെ ദുരിതത്തിലാക്കുന്നുണ്ട്. വനപാലകരുടെ നേതൃത്വത്തിൽ കാട്ടാനയെ ഉൾക്കാട്ടിലേക്ക് കയറ്റുന്നതിന് നടപടിയുണ്ടാവണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.