Tue Oct 08 11:52:27 UTC 2024: ## മെഷീൻ ലേണിങ് രംഗത്തെ സംഭാവനകൾക്ക് ജോൺ ഹോപ്പ്‌ഫീൽഡും ജെഫ്രി ഹിന്‍റണും ഭൗതിക ശാസ്ത്ര നൊബേൽ പുരസ്‌കാരം

സ്റ്റോക്ക്‌ഹോം: കൃത്രിമ ന്യൂറൽ നെറ്റ്‌വർക്കുകളിലൂടെ മെഷീൻ ലേണിങ് രംഗത്തെ സംഭാവനകൾക്ക് ജോൺ ജെ ഹോപ്പ്‌ഫീൽഡും ജെഫ്രി ഹിന്‍റണും ഈ വർഷത്തെ ഭൗതിക ശാസ്‌ത്ര നൊബേൽ പുരസ്‌കാരം പങ്കിട്ടു. വിവരങ്ങളിൽ നിന്ന് ചിത്രങ്ങളും പാറ്റേണുകളും നിർമിക്കുകയും പുനർനിർമിക്കുകയും ചെയ്യുന്നതിനായി ജോൺ ഹോപ്പ്‌ഫീൽഡ് ഒരു മെമ്മറി സൃഷ്ടിച്ചിരുന്നു. അതേസമയം ഡാറ്റകളിലെ സവിശേഷതകൾ മനസിലാക്കി ഇമേജുകളിലെ പ്രത്യേക ഘടകങ്ങൾ തിരിച്ചറിയുന്നതിന് ജെഫ്രി ഹിന്‍റൺ ഒരു പ്രത്യേക രീതിയും കണ്ടെത്തിയിരുന്നു.

തലച്ചോറിൻ്റെ ഘടനയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കൃത്രിമ ന്യൂറൽ നെറ്റ്‌വർക്കുകൾ ഉപയോഗിച്ച് മെഷീൻ ലേണിങ് സാധ്യമാക്കിയത്. 1980 മുതൽ കൃത്രിമ ന്യൂറൽ നെറ്റ്‌വർക്കുകൾ ഉപയോഗിച്ച് പ്രധാന പരീക്ഷണങ്ങൾ നടത്തിയവരാണ് ജോൺ ജെ ഹോപ്പ്‌ഫീൽഡും ജെഫ്രി ഹിന്‍റണും.

കഴിഞ്ഞ വർഷം ഇലക്‌ട്രോണുകളെ കുറിച്ചുള്ള പഠനത്തിന് പിയറി അഗോസ്റ്റിനി, ഫെറൻ ക്രൗസ്, ആൻ എൽ ഹൂലിയർ എന്നീ ശാസ്‌ത്രജ്ഞർക്ക് ഭൗതിക ശാസ്‌ത്ര നൊബേൽ ലഭിച്ചിരുന്നു.

Read More