Fri Oct 04 02:50:30 UTC 2024: ## ഈസ്റ്റ് ബംഗാൾ പരിശീലകൻ കാൾസ് കുദ്രത്ത് പുറത്തായി!
കൊൽക്കത്ത: ഈസ്റ്റ് ബംഗാളിന്റെ പരിശീലകൻ കാൾസ് കുദ്രത്ത് സ്ഥാനത്ത്‌നിന്ന് പിന്മാറി. ഐഎസ്‌എൽ ഫുട്‌ബോളിലെ ആദ്യ മൂന്നു മത്സരങ്ങളും പരാജയപ്പെട്ടതിന് പിന്നാലെയാണ് തീരുമാനം. സ്‌പാനിഷുകാരൻ രാജിവച്ചതാണെന്ന് ക്ലബ് അറിയിച്ചു.
ഇടക്കാല പരിശീലകനായി ഈസ്റ്റ് ബംഗാൾ സഹപരിശീലകനായ ബിനോ ജോർജിനെ നിയമിച്ചു. പുതിയ കോച്ചിനെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന. ശനിയാഴ്‌ച ജംഷഡ്‌പുർ എഫ്‌സിക്കെതിരെയാണ് അടുത്ത മത്സരം.
കുദ്രത്ത് ഈസ്റ്റ് ബംഗാളിന്റെ ചുമതല 2022ൽ ഏറ്റെടുത്തിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ടീം ഡ്യൂറൻഡ് കപ്പിൽ രണ്ടാം സ്ഥാനത്തെത്തി. 12 വർഷങ്ങൾക്കുശേഷം ചിരവൈരികളായ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെതിരെ ജയിച്ചു. സൂപ്പർ കപ്പ് കിരീടവും നേടി.
എന്നാൽ ഈ സീസണിന്റെ തുടക്കം മങ്ങിയതായിരുന്നു. ഡ്യൂറൻഡ് കപ്പിൽ മോശം പ്രകടനം കാഴ്ചവച്ച ടീം ഐഎസ്‌എല്ലിൽ ബംഗളൂരുവിനോടും ബ്ലാസ്‌റ്റേഴ്‌സിനോടും എഫ്‌സി ഗോവയോടും പരാജയപ്പെട്ടു. ഗോവയ്‌ക്കെതിരായ മത്സരശേഷം ആരാധകർ കുദ്രത്തിനെതിരെ മുദ്രാവാക്യം മുഴക്കിയിരുന്നു.
ബിനോ ഈസ്റ്റ് ബംഗാളിലെ റിസർവ് ടീമിന്റെ പരിശീലകനും സീനിയർ ടീമിന്റെ സഹപരിശീലകനായും പ്രവർത്തിച്ചു. 2022ൽ കേരളത്തെ സന്തോഷ് ട്രോഫി ചാമ്പ്യൻമാരാക്കിയിട്ടുണ്ട്.