Fri Oct 04 02:43:49 UTC 2024: ## കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സിഇഒയായി അഭിക് ചാറ്റര്‍ജി
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി അഭിക് ചാറ്റര്‍ജിയെ നിയമിച്ചു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ഫത്തേഹ് ഹൈദരബാദ് എഎഫ്‌സി, ഒഡീഷ എഫ്‌സി എന്നീ ക്ലബുകളില്‍ പ്രവര്‍ത്തിച്ച അനുഭവസമ്പത്തോടെയാണ് അഭിക് ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്നത്.
“കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബാള്‍ ക്ലബിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ ഏറെ അഭിമാനമുണ്ട്. എന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് നിഖിലിനോടും മറ്റ് ക്ലബ് ബോര്‍ഡ് അംഗങ്ങളോടും നന്ദി അറിയിക്കുന്നു,” അഭിക് പറഞ്ഞു. “ആ വിശ്വാസം നിലനിര്‍ത്തുവാന്‍ ഞാന്‍ എന്റെ മുഴുവന്‍ പ്രയത്‌നങ്ങളും സമര്‍പ്പിക്കും. ബ്ലാസ്റ്റേഴ്‌സിനെ ഹൃദയത്തില്‍ കൊണ്ടു നടക്കുന്ന എല്ലാ ആരാധകര്‍ക്കും ആ സന്തോഷവും അഭിമാനവും നല്‍കുന്നതിനായി ഞങ്ങള്‍ കഠിന പരിശ്രമം ചെയ്യും.”
ഒക്ടോബര്‍ 3 മുതല്‍ അഭിക് ചുമതലയേല്‍ക്കും. ക്ലബിന്റെ ഫുട്ബോള്‍, വാണിജ്യ, പ്രകടന ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് സ്പോര്‍ട്ടിംഗ് ഡയറക്ടറുമായും മാനേജ്മെന്റ് ടീമുമായും അദ്ദേഹം ചേര്‍ന്ന് പ്രവര്‍ത്തിക്കും.
“അഭിക്കിന്റെ നിയമനം, ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കാനുള്ള ഞങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവാണ്,” മുന്‍ സിഇഒ നിഖില്‍ ബി നിമ്മഗദ്ദ പറഞ്ഞു. “വിവിധ നേതൃപരമായ പദവികളില്‍ മേല്‍നോട്ടം വഹിച്ച അദ്ദേഹം, വര്‍ഷങ്ങളുടെ പ്രൊഫഷണല്‍ അനുഭവസമ്പത്തോടെയാണ് ക്ലബിലേക്കെത്തുന്നത്. ടീമിലേക്ക് സ്വാഗതം.”