
Thu Sep 26 06:54:52 UTC 2024: ## നടൻ സിദ്ദിഖിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്; ഒളിവിൽ പോയെന്ന് സംശയം
ലൈംഗിക പീഡനക്കേസിൽ നടൻ സിദ്ദിഖിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. സംസ്ഥാനത്തിന് പുറത്തേക്ക് കടന്നേക്കാമെന്ന സംശയത്തിലാണ് നോട്ടീസ് പുറപ്പെടുവിച്ചത്.
കേസിൽ അറസ്റ്റ് ചെയ്യാനിരിക്കെയാണ് സിദ്ദിഖ് ഒളിവിൽ പോയത്. കഴിഞ്ഞ രണ്ട് ദിവസമായി എല്ലാ ഫോണുകളും സ്വിച്ച്‌ഡ് ഓഫ് ആയിരുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് സിദ്ദിഖിനെ കാണാതാകുന്നത്.
അതേസമയം, ബലാത്സംഗ ആരോപണം അടിസ്ഥാന രഹിതമെന്ന് സിദ്ദിഖ് സുപ്രീം കോടതിയിൽ വാദിക്കുന്നതായി വിവരങ്ങൾ. എട്ട് വർഷത്തിന് ശേഷം ഉന്നയിക്കുന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് മുൻകൂർ ജാമ്യാപേക്ഷയിൽ സിദ്ദിഖ് പറയുന്നു. മുൻപ് സോഷ്യൽ മീഡിയയിലൂടെ ആരോപണം ഉന്നയിച്ചപ്പോൾ ബലാത്സംഗമെന്ന് പറഞ്ഞിരുന്നില്ലെന്നും, ഭയം മൂലം പരാതി പറയാതിരുന്നുവെന്നത് അവിശ്വസിനീയമാണെന്നും സിദ്ദിഖ് വാദിക്കുന്നു.
2016ൽ തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ വച്ച് നടിക്ക് നേരെ ലൈംഗിക പീഡനം നടന്നതായി മൊഴി നൽകിയിരുന്നു. സംഭവ ദിവസത്തെ രേഖകൾ ഹാജരാക്കാൻ അന്വേഷണ സംഘം ഹോട്ടലിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
സിദ്ദിഖിനെതിരായ പരാതി ഗൗരവതരമെന്ന് കോടതി നിരീക്ഷിച്ചിരുന്നു. സമൂഹത്തിൽ സ്ത്രീ ബഹുമാനം അർഹിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. സിദ്ദിഖിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് കോടതി പറഞ്ഞു. സിദ്ദിഖിന്റെ വൈദ്യപരിശോധന നടത്തേണ്ടതുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.