Wed Sep 25 06:54:14 UTC 2024: ## നടൻ സിദ്ദിഖ് ബലാത്സംഗക്കേസിൽ സുപ്രീം കോടതിയിൽ ഹർജി നൽകും

കൊച്ചി: ബലാത്സംഗക്കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് നടൻ സിദ്ദിഖ് സുപ്രീം കോടതിയിൽ ഹർജി നൽകും. അതിജീവിത പരാതി നൽകാൻ വൈകിയതടക്കം ചൂണ്ടിക്കാട്ടിയാവും ഹർജിയിൽ സിദ്ദിഖ് വാദിക്കുക. മറ്റു കേസുകളോ ക്രിമിനൽ പശ്ചാത്തലമോ ഇല്ലാത്ത സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും ഹർജിയിൽ വ്യക്തമാക്കും.

തെളിവ് ശേഖരിക്കാൻ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടും. സിദ്ദിഖിന്റെ നിയമസംഘം വെള്ളിയാഴ്ചയോടെ ഹർജി സുപ്രീം കോടതി ബെഞ്ചിന് മുന്നിൽ എത്തിക്കാനുള്ള ശ്രമത്തിലാണ്.

അതേസമയം, സിദ്ദിഖ് മുൻകൂർ ജാമ്യ അപേക്ഷ നൽകിയാൽ തന്റെ ഭാഗംകേൾക്കാതെ തീരുമാനം എടുക്കരുതെന്ന് സുപ്രീം കോടതിയെ അറിയിക്കാൻ അതിജീവിതയും തടസഹർ‍ജിയുമായി സുപ്രീം കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കി.

Read More