Thu Sep 19 09:07:50 UTC 2024: ## കൊല്ലം സെയ്‌ലേഴ്‌സ് കേരള ക്രിക്കറ്റ് ലീഗിൽ ജേതാക്കൾ
തിരുവനന്തപുരം: ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ സെഞ്ചുറിയുടെ കരുത്തിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് പ്രഥമ കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) ജേതാക്കളായി. ഫൈനലിൽ കലിക്കറ്റ് ഗ്ലോബ്‌സ്‌റ്റാഴ്‌സിനെ ആറ് വിക്കറ്റിന് തകർത്തു.
സച്ചിൻ 54 പന്തിൽ 105 റണ്ണുമായി പുറത്താകാതെ നിന്നു. എട്ട് ഫോറും ഏഴ് സിക്‌സറും പറത്തിയ ക്യാപ്‌റ്റന്റെ രണ്ടാം സെഞ്ചുറിയാണ്. 12 കളിയിൽ 528 റണ്ണുമായി ടൂർണമെന്റിലെ മികച്ച ബാറ്ററായി.
സച്ചിനും വത്സൽ ഗോവിന്ദും (45) ചേർന്ന് മൂന്നാം വിക്കറ്റിൽ അടിച്ചെടുത്ത 114 റണ്ണാണ് വിജയത്തിന് അടിത്തറ. ജയിക്കാൻ 214 റൺ വേണ്ടിയിരുന്ന കൊല്ലം, ക്യാപ്‌റ്റന്റെ കരുത്തിൽ അനായാസമാണ് മുന്നേറിയത്.
കലിക്കറ്റിന് വേണ്ടി രോഹൻ കുന്നുമ്മല (51), അഖിൽ സ്‌കറിയ (50), എം അജിനാസ് (56) എന്നിവർ അർധസെഞ്ചുറികൾ നേടി. കൊല്ലത്തിന്റെ എൻ എം ഷറഫുദ്ദീനാണ് ടൂർണമെന്റിലെ താരം. 19 വിക്കറ്റിനൊപ്പം 120 റണ്ണുമടിച്ചു.
നടൻ മോഹൻലാലും മന്ത്രി വി അബ്‌ദുറഹിമാനും ചേർന്ന് ട്രോഫികൾ വിതരണം ചെയ്‌തു. കെസിഎൽ ജേതാക്കൾക്ക് 30 ലക്ഷവും റണ്ണറപ്പിന് 20 ലക്ഷവുമാണ് സമ്മാനത്തുക.